Tuesday, August 18, 2009

ഉച്ച

മഞ്ഞച്ചായമടിച്ച പള്ളിഗോ‍പുരത്തിനപ്പുറം ഹജാര്‍ മലനിരകള്‍
വരണ്ട തരിശൂഭൂമിയില്‍ അവിടെയെത്താനായി ഉച്ച നീണ്ടു കിടന്നു
എന്നിട്ടും എത്താനാവാതെ...
കുറ്റിച്ചെടികളും വലിയ പാറക്കൂട്ടങ്ങളും നിറഞ്ഞ ഈ തരിശില്‍
‍ഈ ഉച്ചയില്‍
ഞാനാരെന്നോര്‍ത്ത് അമ്പരന്നു.

കാത്തിരിപ്പിന്റെ നീളത്തിനു എന്നും ഉച്ചയുടെ മണമായിരുന്നു.
വെയിലില്‍ ഉരുകുന്ന ആസക്തികളുടെ,
വെള്ളമില്ലാതെ വലയുന്ന മോഹഭംഗങ്ങളുടെ...

ഒരു മറുവിളിക്കായുള്ള കാത്തിരിപ്പിന്റെ നേരം--

ദൂരം അറിയില്ല..
മലനിരകളിലേക്കു കാറോടിച്ചു പോയാലോ?

ജീവിതം ഒരു നിഴല്‍ യുദ്ധം പോലെ..
എന്റെ തന്നെ നിഴലിനോട്-
നിഴലെന്നു തോന്നുന്നതിനോട്.
എന്നോ തുടങ്ങിയ യുദ്ധം
സ്വയം തീര്‍ക്കേണ്ട യുദ്ധം.

കാഴ്ചയുടെ മാളികയില്‍
ജീവിത നിരാസം
നിറം മങ്ങിയ പട്ടുപാവാട
കുളിപ്പിന്നലിന്റെ താഴ്വര.
നിതാന്ത ജാഗ്രത തളം കെട്ടിയ
പിന്നാമ്പുറത്ത്
ഉച്ചയുടെ വറ്റാത്ത കാമം.
സൌന്ദര്യ ലഹരിയുടെ പാരായണ വിരാമം.

Wednesday, March 11, 2009

ഓണം

“കരവഞ്ചി കേള്‍ക്കുന്നുണ്ട് ,എത്താറായീന്നാ തോന്നുന്നേ--” അമ്മ പറഞ്ഞു , ചെവി ഒന്നുകൂടെ ഫോണിനോടു ചേര്‍ത്തു വട്ടം പിടിച്ചു. ഇല്ല ഒന്നും കേള്‍ക്കുന്നില്ല...ഏതു കരവഞ്ചിയാവും ഇത്? വര്‍ഷം,കാലം, മാസം...ഉത്രട്ടാതിയിലെ നനഞ്ഞ ഒരു സന്ധ്യയും , ആറ്റുവെള്ളവും പുരുഷാരവും ഒരു വള്ളംകളിപ്പാട്ടും ഓര്‍മ്മവന്നു.എത്ര വര്‍ഷം മുമ്പാണ് അവസാനമായി വള്ളം കളി കണ്ടത്? ഇനി എന്നാണു കാണുക? ഫോണ്‍ വച്ച് ഏറെ നേരം തരിച്ചിരുന്നു! ആ ഇരുട്ടിലൂടെ, കളിവള്ളങ്ങള്‍ക്കൊപ്പം ഓരോ കടവിലും കാത്തുനിന്ന , നാട്ടുകാരുടെ ആരവങ്ങളും കുരവയും ഏറ്റുവാങ്ങി --
ഇന്നും നാളെയും അവധി - റ്റിവിയിലെ മടുപ്പിക്കുന്ന ഓണക്കാഴ്ചകളില്‍ മനസ്സു തങ്ങുന്നില്ല .... അങ്ങകലെയെവിടെയോ കുപ്പിവള ചിതറി, ഉപ്പേരി നിറഞ്ഞ പോക്കറ്റില്‍ മുറുകെ പിടിച്ച് , കുതറിയോടി,ഒരു നാണം ഊഞ്ഞാലായി പറന്നുവന്നു പിടിക്കാന്‍ ...പിടി കൊടുക്കാതെ തൊടിയിലൂടെ

ഇത്തിരി മയങ്ങിയോ?ഇപ്പോള്‍കുടിച്ച കാപ്പിക്ക് ഒരു മംഗലാപുരം ചുവ,സന്ധ്യ മയങ്ങിത്തുടങ്ങുന്നു,നോമ്പു തുറന്ന പ്രാര്‍ത്ഥനാ ഗീതങ്ങള്‍ക്ക് പഴയ പുതുമയില്ല,ഇരമ്പി പെയ്ത മഴയില്‍നനഞ്ഞതു മുഴുവനുള്ളിലാണ്...മനസ്സിന്റ്റെ ഉള്ളില്‍,അമ്പരപ്പിക്കുന്ന വിളറിയ ഇരുട്ട് പതുക്കെ നിറയുന്നു...ഇല്ല, സാരമില്ല..മുന്നോട്ട്..വീണ്ടും മുന്നോട്ട്.

Tuesday, March 3, 2009

മൌനം

ഒരുപാടു നാളായില്ലേ
ഒരുപാടു പേരായില്ലേ
കിനാവിന്റെ കൊമ്പത്ത്
കാറ്റ് പിടിച്ചു...

ഉലഞ്ഞുതിര്‍ന്ന നീര്‍മണികള്‍
വാടിയ മുല്ലപ്പൂ പോലെ,
പുതിയതെന്തെങ്കിലും?
നല്ലതെന്തെങ്കിലും?
...........
പറയാതെങ്ങെനെ അറിയാന്‍?
കാവും കുളങ്ങളും അസ്ഥിത്തറയും തുളസിയും
തൊടിയാകെ പടര്‍ന്ന തേന്മാവും ഉച്ചക്കാറ്റും...

അകാശത്തിന്റെ
അനന്ത നീലിമയെവിടെ?
ഒരുപിടി മൌനത്തിന്റെ അര്‍ത്ഥമെവിടെ?
ഓര്‍മയുടെ ഉറവയെവിടെ?
ഇത്തിരി സ്നേഹമെവിടെ?
ആരും ചോദിക്കാത്ത ദാഹമെവിടെ!
അതിന്റെ വേനലെവിടെ.....

Thursday, February 26, 2009

വഴിത്തിരിവ്

ജീവിതം വന്നെത്തി നില്‍ക്കുന്ന വഴിത്തിരിവില്‍
‍പേന പോലും തെളിഞ്ഞു തുടങ്ങുന്നില്ല.
ഓര്‍മ്മകളും മറവിയും , ഇനിയും സമാഗമം പൂര്‍ത്തീകരിച്ചില്ല.
കിതപ്പുകളൊടുങ്ങാത്ത വിധേയതയുടെ ശീലം.
മുക്തിയുടെ കൊതിപ്പിക്കുന്ന പാനപാത്രം...
ജലശയനത്തിന്റെ മോഹഭംഗം.

ഒത്തിരി തിരിച്ചു പിടിക്കാനുണ്ട്.
എവിടെയോ എന്തിനോ നഷ്ടപ്പെട്ടതൊക്കെയും
മറന്നു വച്ചതൊക്കെയും...

ഒത്തിരി കളയാനുമുണ്ട്.

വേണ്ടാതെ കയറിക്കൂടിയ ചിലന്തിവലയും
അതിലെ ഇരകളും
ആരുടെയോ മനസ്സിന്റെ വിളറിയ തീരവും
നീല നഷ്ടപ്പെടുന്ന തിരയും

ഒരുപാടു വാക്കുതെറ്റിക്കലുകള്‍, വാക്കിനുപോലും
വിലയില്ലാതാകല്‍,അര്‍ത്ഥങ്ങള്‍ മുറിഞ്ഞുപോകല്‍
‍ഇഷ്ടങ്ങള്‍ ഇല്ലാതാകല്‍ , ‍അനിഷ്ടങ്ങള്‍ വിളിച്ചുവരുത്തല്‍
‍തിരുത്താനുണ്ട് ഒരുപിടി..
കരുത്തൂണ്ടോ?