Wednesday, March 11, 2009

ഓണം

“കരവഞ്ചി കേള്‍ക്കുന്നുണ്ട് ,എത്താറായീന്നാ തോന്നുന്നേ--” അമ്മ പറഞ്ഞു , ചെവി ഒന്നുകൂടെ ഫോണിനോടു ചേര്‍ത്തു വട്ടം പിടിച്ചു. ഇല്ല ഒന്നും കേള്‍ക്കുന്നില്ല...ഏതു കരവഞ്ചിയാവും ഇത്? വര്‍ഷം,കാലം, മാസം...ഉത്രട്ടാതിയിലെ നനഞ്ഞ ഒരു സന്ധ്യയും , ആറ്റുവെള്ളവും പുരുഷാരവും ഒരു വള്ളംകളിപ്പാട്ടും ഓര്‍മ്മവന്നു.എത്ര വര്‍ഷം മുമ്പാണ് അവസാനമായി വള്ളം കളി കണ്ടത്? ഇനി എന്നാണു കാണുക? ഫോണ്‍ വച്ച് ഏറെ നേരം തരിച്ചിരുന്നു! ആ ഇരുട്ടിലൂടെ, കളിവള്ളങ്ങള്‍ക്കൊപ്പം ഓരോ കടവിലും കാത്തുനിന്ന , നാട്ടുകാരുടെ ആരവങ്ങളും കുരവയും ഏറ്റുവാങ്ങി --
ഇന്നും നാളെയും അവധി - റ്റിവിയിലെ മടുപ്പിക്കുന്ന ഓണക്കാഴ്ചകളില്‍ മനസ്സു തങ്ങുന്നില്ല .... അങ്ങകലെയെവിടെയോ കുപ്പിവള ചിതറി, ഉപ്പേരി നിറഞ്ഞ പോക്കറ്റില്‍ മുറുകെ പിടിച്ച് , കുതറിയോടി,ഒരു നാണം ഊഞ്ഞാലായി പറന്നുവന്നു പിടിക്കാന്‍ ...പിടി കൊടുക്കാതെ തൊടിയിലൂടെ

ഇത്തിരി മയങ്ങിയോ?ഇപ്പോള്‍കുടിച്ച കാപ്പിക്ക് ഒരു മംഗലാപുരം ചുവ,സന്ധ്യ മയങ്ങിത്തുടങ്ങുന്നു,നോമ്പു തുറന്ന പ്രാര്‍ത്ഥനാ ഗീതങ്ങള്‍ക്ക് പഴയ പുതുമയില്ല,ഇരമ്പി പെയ്ത മഴയില്‍നനഞ്ഞതു മുഴുവനുള്ളിലാണ്...മനസ്സിന്റ്റെ ഉള്ളില്‍,അമ്പരപ്പിക്കുന്ന വിളറിയ ഇരുട്ട് പതുക്കെ നിറയുന്നു...ഇല്ല, സാരമില്ല..മുന്നോട്ട്..വീണ്ടും മുന്നോട്ട്.